Saturday, November 23, 2024
HomeNewsKeralaചെങ്ങന്നൂര്‍ തോല്‍വി; കോണ്‍ഗ്രസ് ജഡാവസ്ഥയിലെന്ന് പാര്‍ട്ടി മുഖപത്രം; നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നും ‘വീക്ഷണം’

ചെങ്ങന്നൂര്‍ തോല്‍വി; കോണ്‍ഗ്രസ് ജഡാവസ്ഥയിലെന്ന് പാര്‍ട്ടി മുഖപത്രം; നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നും ‘വീക്ഷണം’

പത്തനംതിട്ട: ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം ചികയുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മുഖപത്രം ‘വീക്ഷണം’. കോണ്‍ഗ്രസ് ജഡാവസ്ഥയിലാണെന്നും നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയുടെ ബൂത്ത്, മണ്ഡലം കമ്മറ്റികള്‍ ജഡാവസ്ഥയിലാണ് ഉള്ളത്. പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് മുന്നിലെന്നും പാര്‍ട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 20956 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം.

കോണ്‍ഗ്രസ്സിന് മുന്‍ തൂക്കമുള്ള പ്രദേശങ്ങളില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് ഇത്തവണ ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ ഇലക്ഷനില്‍ ലഭിച്ച 7983 വോട്ട് ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് ഇത്തവണ 20,956 ആയി ഉയര്‍ത്തിയത്.

ചെങ്ങന്നൂരിലെ പരാജയത്തെ തുടര്‍ന്ന് യു.ഡി.എഫിനെതിരെ വിമര്‍ശനവുമായി എം.പി വീരേന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടെന്നും, അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണമെന്നും എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണമെന്നും പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments