പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതകം നടത്തിയ ശേഷം കടന്ന് കളയുന്നത് കണ്ടെന്നും മൊഴി നല്‍കിയവരാണ് മാറ്റി പറഞ്ഞത്.8 പേരുടെ രഹസ്യ മൊഴിയാണ് ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കാരണം രേഖപ്പെടുത്തുക.
ചെന്താമരയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്ന പുഷ്പ എന്ന പ്രദേശവാസിയാണ് നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നത്. പുഷ്പയെ കൊലപ്പെടുത്താന്‍ സാധിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നടക്കം ചെന്താമര പിന്നീട് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തെ മൊഴിമാറ്റിയത് ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
27നാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ ചെന്താമര അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.