ചെന്നൈ: കാവേരി വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കറുത്ത ബാന്‍ഡേജ് അണിഞ്ഞ് കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് തമിഴ് നടന്‍ രജനീകാന്ത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചില്ലെങ്കില്‍ കേന്ദ്രം തമിഴ്‌നാടിന്റെ മൊത്തം കോപത്തിന് ഇരയാവുമെന്നും രജനീകാന്ത് മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കറുപ്പണിഞ്ഞ് കളിച്ചാല്‍ ഇന്ത്യ മുഴുവന്‍ കാണുമെന്നും വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ ചിത്രങ്ങള്‍ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സര്‍ക്കാരും നോക്കേണ്ട കാര്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ ബോര്‍ഡ് രൂപീകരണം നീട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായി തുടരുന്ന കാവേരി സമരത്തില്‍ പിന്തുണയുമായി മറ്റ് സൂപ്പര്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം. നാസര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.