തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെപ്പടി വിദ്യ കാണിച്ചാൽ അത് നിയന്ത്രിക്കാൻ ചില പിപ്പിടി വിദ്യ വേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു. സർവകലാശാകളിലെ വി.സി. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങളോട് എല്ലാകാലത്തും നല്ല ബന്ധമാണ് താൻ പുലർത്തിയിരുന്നത്. മോശമായി പെരുമാറിയതല്ല. രാവിലത്തെ സമീപനം ശരിയായില്ലെന്ന് കരുതരുത്. മാധ്യമപ്രവർത്തകരുടെ വേഷത്തിലുള്ള കേഡറുകളോടാണ് തനിക്ക് പ്രശ്നം. കടക്ക് പുറത്ത് എന്നും മാധ്യമ സിൻഡിക്കേറ്റ് എന്നും സർക്കാർ പറഞ്ഞത് പോലെ താൻ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് ചാൻസിലർമാരുടെ രാജി നിഷേധത്തിന് കാരണം സർക്കാരാണെന്ന് ആരോപിച്ച ഗവർണർ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തിങ്കളാഴ്ചത്തെ പത്രം വായിച്ചാൽ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ഓണാഘോഷം നടത്തുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ അവിടെ ആഘോഷം നടന്നോ ഇല്ലയോ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് താൻ അട്ടപ്പാടിയിലെ ആദിവാസികൾക്കൊപ്പം ഓണാഘോഷിക്കാൻ പോയതെന്ന് ഗവർണർ വ്യക്തമാക്കി.