സ്പെഷ്യൽ റിപ്പോർട്ടർ
കേരളത്തിന്റെ വികസന രംഗത്തെ കുതിച്ചുചാട്ടത്തിന്റെ അടിസ്‌ഥാനമാണ് ഇടുക്കി ജല വൈദ്യുത പദ്ധതി. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം എന്ന ഖ്യാതിയുമായി ഇടുക്കി അണക്കെട്ട് നിലനിൽക്കുമ്പോൾ 1970 ജൂൺ 21 ന് തന്റെ 112ആം വയസിൽ വിടപറഞ്ഞ ചെമ്പൻ കൊലുമ്പന്റെ ഓർമ്മകൾക്ക് 50 വയസ്.

1932 കാലഘട്ടത്തിൽ നായാട്ടിനായി എത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്പർവൈസർ ഡബ്ല്യൂ ജെ ജോണിനോടൊപ്പം വഴികാട്ടിയായി ചെന്ന ചെമ്പൻ കൊലുമ്പൻ പറഞ്ഞതും കാണിച്ചു നൽകിയതുമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അറിഞ്ഞാ അണക്കെട്ട് പണിയുവാൻ പെരിയാർ നദിയുടെ സമീപത്തെ കുറവൻ-കുറത്തി മല കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായ ഇടുക്കി അണക്കെട്ടിന്റെ സാധ്യതകൾക്ക് പഠന വിധേയമാക്കുന്നത്. പിന്നീട് ഡബ്ള്യൂ ജെ ജോൺ എൻജിനിയറായ അനുജനുമായി കൂടി ചേർന്ന് ഇടുക്കിയുടെ സാധ്യതയെപ്പറ്റി രൂപരേഖ നിർമ്മിച്ചു. 1937 ൽ ആന്ജെലോ ഒമേധയോ, ക്ലാന്തയോ മാസലെ എന്നീ ഇറ്റാലിയൻ എൻജിനിയർമാർ പഠന റിപ്പോർട്ട് സമർപ്പിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനിയർ ആയ പി ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പെരിയാറിനെയും ചെറുതോണി പുഴയെയും ബന്ധപ്പെടുത്തി അണക്കെട്ട് നിർമ്മിക്കുവാൻ ശുപാർശ ചെയ്തു. 1956 ൽ കേരള സർക്കാരിന് വേണ്ടിയും 1957 ൽ കേന്ദ്ര സർക്കാരിന് വേണ്ടിയും പഠനങ്ങൾ നടന്നു. 1961 ൽ ഇടുക്കി അണക്കെട്ടിനായി രൂപകൽപ്പന തയ്യാറാക്കി. 1963 ൽ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചു. 1966ൽ കാനഡ സർക്കാർ സഹായം വാഗ്ദാനം ചെയ്യുകയും ഇന്ത്യയുമായി കരാർ ഉണ്ടാക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളിലും ചടങ്ങുകളിലും ചെമ്പൻ കൊലുമ്പൻ ആയിരുന്നു വിശിഷ്ടാതിഥി.

5 അടിപൊക്കവും ചെമ്പിച്ച് ജട പിടിച്ച് കാൽപാദം വരെ നീണ്ടു കിടന്ന മുടിയും മുട്ടോളം മാത്രമുള്ള മുണ്ടും ചെമ്പൻ കൊലുമ്പന്റെ പ്രത്യേകതകൾ ആയിരുന്നു.
ചെമ്പൻ കൊലുമ്പന്റെ സ്മരണാർത്ഥം പണി കഴിപ്പിച്ച സ്മാരകം വളരെ വൈകിയെങ്കിലും അൻപതാം ഓർമ്മദിനത്തിൽ കമ്മീഷൻ അനാശ്ചാദനം ചെയ്യും. ഇടുക്കി-ചെറുതോണി അണക്കെട്ടുകൾക്ക് അഭിമുഖമായാണ് കൊലുമ്പനെ സംസ്ക്കരിച്ചിരിയ്ക്കുന്നത്. 1976 ൽ അണക്കെട്ടിന്റെ കമ്മീഷനോടൊപ്പം തന്നെ കൊലുമ്പന്റെ പ്രതിമയും അനാശ്ചാദനം ചെയ്തിരുന്നു.

കൊലുമ്പനെ കണ്ടാൽ ആനയും കാട്ടുപോത്തും കടുവയും വഴിമാറിപോയിരുന്നുവെന്നും കൊലുമ്പൻ മന്ത്രമോതിയ കത്തി കയ്യിലുണ്ടെങ്കിൽ കടുവ വഴി മാറി പോകുമായിരുന്നുവെന്നും പഴമൊഴി ഉണ്ട്. കൊലുമ്പൻ സ്മാരകത്തിൽ പിന്മുറക്കാർ ദീപം തെളിയിക്കുകയും വെറ്റയും അടയ്ക്കയും ചുണ്ണാമ്പും സമർപ്പിക്കുകയും ചെയ്യുന്നുണ്ട്
