ചെയറിന്റെ വിശദീകരണം സഭയുടെയും, സ്ത്രീത്വത്തിന്റെയും അന്തസ്സുയർത്തിപ്പിടിക്കുന്നത്: പരാമർശം പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്ത് കെ കെ രമ

0
20

തനിക്കെതിരെയുള്ള വിവാദ പരാമർശം പിൻവലിക്കാൻ നിയമസഭയിൽ എം ബി രാജേഷ് നടത്തിയ റൂളിങ്ങും എം എം മണി സ്വീകരിച്ച നിലപാടും സ്വാഗതം ചെയ്ത് കെ കെ രമ. ഇത് സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതും, സഭയുടെയും, സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയർത്തിപ്പിടിക്കുതാണെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: നിയമസഭയിൽ ബഹുമാന്യനായ എം.എൽ.എ ശ്രീ.എം.എം.മണി എനിക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിക്കാൻ ബഹു:സ്പീക്കർ ശ്രീ.എം.ബി.രാജേഷ് നടത്തിയ റൂളിങ്ങും, തുടർന്ന് ശ്രീ.എം.എം.മണി എം.എൽ.എ സ്വീകരിച്ച നിലപാടിനെയും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ബഹു:ചെയർ ഇത് സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതും, സഭയുടെയും,സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയർത്തിപ്പിടിക്കുന്നതുമാണ്.ഒട്ടും വ്യക്തിപരമോ വൈകാരികമോ ആയല്ല, ഈ പ്രശ്നം ഉന്നയിച്ചതും ഉയർത്തിപ്പിടിച്ചതും. നമ്മുടെ രാഷ്ട്രീയ സംവാദങ്ങൾ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്.വംശീയ ന്യൂനപക്ഷങ്ങൾ, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ കക്ഷിഭേദമോ മുന്നണി ഭേദമോ ഇല്ലാതെ ഗ്രസിച്ചിരിക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്.പലപോഴും അക്രമാസക്ത ആൺകൂട്ട അണികളെ ആവേശഭരിതരാക്കാനും വീര്യം പകരാനും നേതാക്കാൾ ഈ സവർണ്ണ, ആണധികാര വീമ്പിളക്കലുകൾ ഉപയോഗിക്കാറുണ്ട്. ഈ വിഭാഗങ്ങളൊന്നും വേണ്ടത്ര സാന്നിദ്ധ്യമറിയിക്കാത്ത കാലത്ത് അതാരും വിമർശന വിധേയമാക്കിയിരുന്നില്ല. എന്നാൽ കാലം മാറിയിരിക്കുന്നു.എല്ലാ പിന്നാക്ക വിഭാഗങ്ങളും സാന്നിദ്ധ്യവും സ്വാധീന ശക്തിയുമായി മാറിത്തുടങ്ങിയ സമകാലിക സമൂഹത്തിൽ പുതിയൊരു രാഷ്ട്രീയ സാക്ഷരതയും ഭാഷയും നമ്മുടെ നേതൃത്വങ്ങൾ ആർജ്ജിക്കേണ്ടിയിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഈ ഒരു രാഷ്ട്രീയമുയർത്തിപ്പിടിക്കാനാണ് ഏറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നടന്ന ഈ രാഷ്ട്രീയ സമരത്തെയും കാണുന്നത്. ടിപിയുടെ കൊലപാതകത്തിന് ശേഷം ഞാൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെതുടർന്ന് ഇപ്പോഴും ആവർത്തിക്കുന്ന വേട്ടയാടലുകളുടെ വ്യക്തിപരമായ അനുഭവങ്ങൾ നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിന്റെ അവികസിത ജനാധിപത്യഭോധാവസ്ഥയെ തുറന്ന് കാണിക്കുന്നതാണ്. തീർച്ചയായും നിയമസഭയിൽ ഉണ്ടായ ഈ വിവാദം എന്നെ കൂടുതൽ ആഴത്തിൽ ഈ അവസ്ഥ ബോധ്യപ്പെടുത്തി എന്ന് മാത്രം. ഒപ്പം നിന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്.ഈ വിഷയം ഉയർത്തി തെരുവിൽ പോരാടിയ സ്ത്രീകളും യുവാക്കളും, രാഷ്ട്രീയപാർട്ടികളും ഇതര സംഘടനകളുമുണ്ട്. നവമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ശക്തമായ പ്രതികരണം രേഖപ്പെടുത്തിയവരുണ്ട്. നിയമസഭയിൽ വലിയ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷമുണ്ട്. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ശ്രീ.എം.എം.മണി എംഎൽഎയ്ക്കെതിരെ നടന്ന അപമാനകരമായ ആവിഷ്‌കാരങ്ങളും പരാമർശങ്ങളുമെല്ലാം ഉത്തരവാദപ്പെട്ടവർ ഒട്ടും താമസമില്ലാതെ പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തുവെന്നതിനേയും ഈയൊരു സന്ദർഭത്തിൽ കലവറയില്ലാതെ അഭിനന്ദിക്കുകയാണ്.തീർച്ചയായും നിന്ദയ്ക്കും സ്തുതിക്കുമപ്പുറം, തെറിക്കും വെറിക്കുമപ്പുറം, നമുക്ക് രാഷ്ട്രീയം പറഞ്ഞ് മുന്നോട്ടുപോകാം., ജനങ്ങൾക്ക് നേരും പതിരുമറിയാൻ നിലപാടുകൾ സുധീരം ഏറ്റുമുട്ടട്ടെ..

Leave a Reply