Friday, November 22, 2024
HomeNewsKeralaജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ മുഖം മറച്ച് യാത്ര; കുറ്റകൃത്യം നടപ്പാക്കിയത് ഒറ്റയ്ക്ക്; കേരളത്തെക്കുറിച്ച് കേട്ടറിവുമാത്രം; ഷാറൂഖ്...

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ മുഖം മറച്ച് യാത്ര; കുറ്റകൃത്യം നടപ്പാക്കിയത് ഒറ്റയ്ക്ക്; കേരളത്തെക്കുറിച്ച് കേട്ടറിവുമാത്രം; ഷാറൂഖ് സെയ്ഫിയുടെ മൊഴി

കോഴിക്കോട്: കേരളത്തില്‍ ആദ്യമായാണ് എത്തുന്നതെന്ന് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞതായാണ് വിവരം.  കേരളത്തെക്കുറിച്ച് കേട്ടറിവു മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ തീ വെക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പാക്കിയതും ഒറ്റയ്ക്കാണെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല.

അതേസമയം ഷാറൂഖ് സെയ്ഫിയുടെ മൊഴി പലതും കളവാണെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്ന് സെയ്ഫി പറഞ്ഞു. ഇതേത്തുടര്‍ന്ന് താന്‍ ഒളിച്ചിരുന്നു. കണ്ണൂരില്‍ നിന്നും രക്ഷപ്പെട്ടത് മരുസാഗര്‍ എക്‌സ്പ്രസിലാണ്. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് രത്‌നഗിരിയിലേക്ക് പോയതെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ മുഖം മറച്ചാണ് ഇരുന്നത്. മറ്റു യാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ട്രാക്കില്‍ നിന്നും കണ്ടെടുത്ത ബാഗിലുണ്ടായിരുന്ന ബുക്കില്‍ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു. 

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും ഇന്നു പുലര്‍ച്ചെയോടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. തുടര്‍ന്ന് മാലൂര്‍കുന്ന് പൊലീസ് ക്യാംപിലെത്തിച്ചു. ഇവിടെ വെച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി നീരജ് ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപിലെത്തിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments