Sunday, November 24, 2024
HomeLatest Newsജനവിധി ഇന്ന്, മോദി ഹാട്രിക് നേടുമോ അതോ ഇന്ത്യാസഖ്യം അധികാരത്തിലേക്കോ

ജനവിധി ഇന്ന്, മോദി ഹാട്രിക് നേടുമോ അതോ ഇന്ത്യാസഖ്യം അധികാരത്തിലേക്കോ

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 കോടിപ്പേരും രാജ്യത്ത് 64.2 കോടിപ്പേരും സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.ഹാട്രിക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി- എന്‍.ഡി.എ. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇന്ത്യയെ തിരിച്ചുപിടിക്കാനെന്ന പ്രചാരണവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയത്. മോദിക്കെതിരെ 25-ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ ഒറ്റക്കള്ളിയില്‍ ഒതുങ്ങാത്ത തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യം കണ്ടത്. പതിവിനു വിപരീതമായി അജന്‍ഡ നിശ്ചയിക്കുന്നതില്‍ ബി.ജെ.പി. ഒരു പരിധിവരെ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തിന്റെ പല നരേറ്റീവുകളും വലിയ ചലനമുണ്ടാക്കിയതും ചര്‍ച്ചയായി. അങ്ങേയറ്റം പ്രതിലോമകരമായ വിദ്വേഷപ്രചാരണങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്തിന്റെ പ്രത്യേകതയായിരുന്നു.സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള്‍വീതമുണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും.ഇവര്‍ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കുമാത്രമാവും ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments