കൊച്ചി: പിവി ശ്രീനിജിന്‍ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ട്വന്റി20 സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി.വി.ശ്രീനിജിനെതിരായ ജന്തു പരാമര്‍ശം കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്‌ഐആറിലുണ്ട്. പ്രസംഗത്തില്‍ സാബു എം ജേക്കബ്, പി.വി ശ്രീനിജിന്‍ എം.എല്‍ എയെ മോശക്കാരനാക്കി ഇകഴ്ത്തി സംസാരിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. സംഭവത്തില്‍ പിവി ശ്രീനിജിന്‍ എംഎല്‍എയും സാബു എം ജേക്കബിനെതിരെ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.