ജമ്മു കശ്‌മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍; സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി

0
33

ജമ്മു കശ്മീര്‍ നേരത്തെ സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍. ജമ്മു കശ്മീരിനു ഇനി സംസ്ഥാന പദവിയില്ല. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 നേരത്തെ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയുള്ള പ്രഖ്യാപനം ഔദ്യോഗികമായി നിലവില്‍ വന്നു.

ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. ജമ്മു കശ്മീര്‍ നേരത്തെ സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കു ശേഷം 86 ദിവസങ്ങള്‍ കഴിഞ്ഞാണ് പുനഃസംഘടനാ ബില്‍ നിലവില്‍ വന്നിരിക്കുന്നത്.

ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവും. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്നത്. രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ലഫ്.ഗവര്‍ണര്‍മാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത്. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയായിരുന്നു സര്‍ക്കാര്‍ നടപടി. നിയമസഭയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങളെല്ലാം ഇതോടെ റദ്ദാക്കപ്പെട്ടു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പ്രധാന രാഷ്ട്രീയ നേതാക്കളെ അടക്കം തടങ്കലില്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 370 നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.

Leave a Reply