ജയലളിതയെ പ്രവേശിപ്പിച്ചയുടന്‍ സി.സി.ടി.വികള്‍ ഓഫാക്കിയെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍

0
32

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ സി.സി.ടി.വികള്‍ പ്രവര്‍ത്തന രഹിതമാക്കിയിരുന്നതായി ചെന്നൈ അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി റെഡ്ഡി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ മരിക്കുന്നത് വരെ 24 മണിക്കൂറും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജയലളിതയെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അവരുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മിഷന് കൈമാറിയിട്ടുണ്ട്. സി.സി.ടി.വികള്‍ ഓഫാക്കിയതു സംബന്ധിച്ച് കമ്മിഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറിയോയെന്ന് ചോദിച്ചപ്പോഴായിരുന്നു ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നതായി റെഡ്ഡി വെളിപ്പെടുത്തിയത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ഐ.സി.യുവിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമാക്കി. മറ്റ് രോഗികളെയെല്ലാം മറ്റ് ഐ.സി.യുകളിലേക്കും മാറ്റി.

മറ്റാരും ജയലളിതയെ കാണരുതെന്നതിനാലാണ് ക്യാമറകള്‍ ഓഫാക്കിയത്. സന്ദര്‍ശകരെ ആരെയും ജയലളിതയെ കാണാനും അനുവദിച്ചിരുന്നില്ലെന്നും റെഡ്ഡി പറഞ്ഞു. ജയയുടെ ജീവന്‍ നിലനിറുത്താനായി ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്.

Leave a Reply