മുംബൈ: ജയിലിൽ തനിക്ക് ചിക്കൻ നൽകുന്നില്ലെന്ന് ഗ്യാങ്സ്റ്റർ അബു സലീമിന്റെ പരാതി. പോർച്ചുഗൽ എംബസിക്കാണ് അബു സലീം പരാതി നൽകിയത്. ജയിലിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അബു സലീം പരാതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ പോർച്ചുഗൽ എംബസിയിലെ രണ്ടു ഉദ്യോഗസ്ഥർ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലെത്തി.
ജയിൽ മേധാവി, ഡോക്‌ടർമാർ, തലോജ ജയിൽ എസ്‌പി, സിബിഐ ഓഫിസർ, സലിം അഭിഭാഷകൻ എന്നിവരും എംബസി അധികൃതർ അബു സലീമുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ സന്നിഹിതരായിരുന്നു. ജയിലിലെ ഭക്ഷണം വളരെ മോശമാണെന്നും തനിക്ക് വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നതെന്നും അബു സലീം പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷക സബ ഖുറേഷി വ്യക്തമാക്കി.
അബു സലീമിന്റെ സെല്ലിനുളളിൽ ശരിയായി സൂര്യ പ്രകാശം കിട്ടുന്നില്ല. ടോയ്‌ലെറ്റ് വളരെ ചെറുതും വൃത്തിഹീനവുമാണ്. ഇതുകാരണമാണ് അദ്ദേഹം അസുഖബാധിതനാവുന്നത്, അഭിഭാഷക പറഞ്ഞു. കാൽമുട്ടിനും കാഴ്‌ചയ്‌ക്കും പ്രശ്‌നമുണ്ടെന്ന് തന്നെ ചികിൽസിച്ച ഡോക്‌ടറോട് അബു പറഞ്ഞിരുന്നു. അദ്ദേഹം മുംബൈയിലെ ഒരു ഡോക്‌ടറെ കാണിക്കാൻ പറഞ്ഞു. എന്നാൽ അബു സലീമിന്റെ കൂടെ പോകാൻ സുരക്ഷാ ജീവനക്കാർ കുറവാണെന്ന് കാട്ടി കഴിഞ്ഞ ഒരു വർഷമായി ജയിൽ അധികൃതർ ഇക്കാര്യം മാറ്റിവയ്‌ക്കുകയാണ്. കുടുംബത്തെ കാണാൻ പോലും അബു സലീമിനെ അനുവദിക്കുന്നില്ലെന്നും അഭിഭാഷക പറഞ്ഞു.
അതേസമയം, ജയിൽ തടവുകാർക്ക് ചിക്കൻ നൽകാൻ കഴിയില്ലെന്നും ഡോക്‌ടർ പറയുകയാണെങ്കിൽ മുട്ട നൽകാൻ തയ്യാറാണെന്നും ജയിൽ എസ്‌പി സദാനന്ദ ഗെയ്‌ക്‌വാദ് പറഞ്ഞു. ക്യാന്റീനിൽനിന്നും അബു സലിമിന് മുട്ട വാങ്ങാവുന്നതാണ്. അബു സലീം കിടക്കുന്ന പോലത്തെ സെല്ലിലാണ് മറ്റു നിരവധി തടവുകാരുമുളളത്. അതിന്റേത് തുറന്ന റൂഫാണ്. അതിനാൽ തന്നെ ശുദ്ധമായ വായുവും സൂര്യപ്രകാശവും ലഭിക്കും. അയാൾ എപ്പോഴും തന്റെ ആരോഗ്യത്തെക്കുറിച്ചാണ് പരാതി പറയുന്നത്. പക്ഷേ ഡോക്‌ടർമാർ പറയുന്നത് അബു സലീമിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നാണ്. അയാളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്, ജയിൽ എസ്‌പി പറഞ്ഞു.
1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയാണ് അബു സലീം. സ്ഫോടനത്തിനുശേഷം പോർച്ചുഗലിലേക്ക് കടന്ന അബു സലീമിനെ 2002 ൽ പോർച്ചുഗൽ പൊലീസ് പിടികൂടി. ഇന്റര്‍പോള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് പോര്‍ച്ചുഗല്‍ പൊലീസ് പിടികൂടിയത്. 2003ല്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയില്‍ തിരികെയെത്തിയാല്‍ വധശിക്ഷ വിധിക്കില്ലെന്ന് പോര്‍ച്ചുഗലുമായി ധാരണയാക്കിയശേഷം അബു സലീമിനെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. മുംബൈ സ്‌ഫോടനക്കേസിലും ബിൽഡർ പ്രദീപ് ജയിനിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബു സലീം ഇപ്പോൾ നവി മുംബൈയിലെ തലോജ ജയിലിലാണ്.