മോസ്‌ക്കോ: നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. 35-ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ജര്‍മനിയെ തകര്‍ത്തത് . ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ തടുത്തുനിര്‍ത്തിയത്.
ഇതാദ്യമായാണ് ജര്‍മനി കിരീടം നേടിയശേഷം ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി തോല്‍ക്കുന്നത്. 35-ാം മിനിറ്റിലാണ് നിലവിലെ ചാമ്പ്യന്‍മാരെന്ന ആത്മവിശ്വാസവുമായെത്തിയ ജര്‍മനിയെ മെക്‌സിക്കോ ഞെട്ടിച്ചത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ രണ്ട് ജര്‍മന്‍ താരങ്ങളെ കബളിപ്പിച്ച് ഹിര്‍വിങ് ലൊസാനോയാണ് മെക്‌സിക്കോയെ മുന്നിലെത്തിച്ചത്. സമനില ഗോളിനായുള്ള ജര്‍മനിയുടെ നിരന്തര മുന്നേറ്റങ്ങള്‍ ഒന്നും തന്നെ പക്ഷെ ലക്ഷ്യം കണ്ടില്ല.
ജയത്തോടെ റഷ്യന്‍ ലോകകപ്പിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജര്‍മനി ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയെ നേരിടുന്നത്. ഗോളിന്റെ വക്കിലെത്തിയ മികച്ച തുടക്കവുമായി ആദ്യ മിനിറ്റില്‍ത്തന്നെ സാന്നിധ്യമറിയിച്ച മെക്‌സിക്കോ ജര്‍മനിയെ തകര്‍ത്ത് തരിപ്പണമാക്കി.