കസാന്‍: സൗത്ത് കൊറിയയ്‌ക്കെതിരെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് നാണംകെട്ട തോല്‍വി. 2-0 നാണ് നിലവിലെ ചാമ്പ്യന്മാരെ സൗത്ത് കൊറിയ മുട്ടുക്കുത്തിച്ച് പ്രീക്വാര്‍ട്ടര്‍ പോലും കാണാന്‍ അനുവദിക്കാതെ പറഞ്ഞയച്ചത്. 1938 നുശേഷം ആദ്യമായിട്ടാണ് ജര്‍മ്മനി ആദ്യറൗണ്ടില്‍ നിന്ന് പുറത്താകുന്നത്.
92ാം മിനിറ്റില്‍ കിംഗ് യോംഗ് ഗൗനും 96 ാം മിനിറ്റില്‍ സോണ്‍ ഹ്യന്‍ മിന്നുമാണ് കൊറിയയ്ക്കായി ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ പേരുകേട്ട ജര്‍മ്മന്‍ പടയ്ക്ക് സാധിച്ചില്ല.
ആദ്യ പകുതിയില്‍ ജര്‍മനിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച കൊറിയ. റൂസിന്റേയും തിമോ വെര്‍ണറുടേയും ആക്രമണത്തിന്റെ മുനയൊടിച്ച് ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിച്ചു.
കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ജര്‍മനിക്ക് അനുകൂലമായ ഫ്രീ കിക്ക് ലഭിച്ചെങ്കിലും ടോണി ക്രൂസെടുത്ത ആ കിക്ക് ദക്ഷിണ കൊറിയയുടെ പ്രതിരോധം ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് 33-ാം മിനിറ്റില്‍ റൂസിന് മികച്ചൊരവസരം ലഭിച്ചു. ബോക്സിനുള്ളില്‍ റൂസിന്റെ ഹാഫ് വോളിക്ക് കൊറിയന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. 43-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍ ഗോളിന് അടുത്തെത്തിയതാണ്. ഹെക്ടര്‍ നല്‍കിയ പാസ്സില്‍ വെര്‍ണറടിച്ച ആ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയി.
19-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ ജര്‍മന്‍ ഗോള്‍കീപ്പര്‍ ന്യൂയറിനെ പരീക്ഷിച്ചു. യങ്ങിന്റെ ഫ്രീ കിക്ക് ന്യൂയറിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയി. പക്ഷേ റീബൗണ്ടിന് തൊട്ടുമുമ്പ് ന്യൂയര്‍ വീണ്ടും ഇടപെട്ടു ജര്‍മനിയെ രക്ഷപ്പെടുത്തി.