ജലന്ധര്‍ പീഡനം: രാജിവെക്കില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; അന്വേഷണം അവസാനിക്കും വരെ മാറി നില്‍ക്കണമെന്ന് ഒരു വിഭാഗം വൈദികര്‍

0
32

ജലന്ധര്‍: ബിഷപ്പ് മാറി നില്‍ക്കണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍.അന്വേഷണം അവസാനിക്കും വരെ മാറി നില്‍ക്കണം. ബിഷപ്പ് പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ഇതുസംബന്ധിച്ച് ദില്ലി ആര്‍ച്ച് ബിഷപ്പിന് വൈദികര്‍ കത്ത് നല്‍കി.

അതേസമയം രാജിവെക്കില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തില്‍ അറിയിച്ചു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുത്തല്‍ നടപടികളുണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ സഭ ശിക്ഷാ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭ നീതിക്ക് വേണ്ടി നിലകൊള്ളും. ധാര്‍മിക മൂല്യങ്ങള്‍ കൈവിടില്ല. സത്യം പുറത്ത് വരണം. നീതി നടപ്പാക്കണമെന്നും സൂസപാക്യം പറഞ്ഞു.

നിന്ദ്യമായ പ്രവൃത്തികള്‍ക്ക് പോകുന്നതില്‍ ന്യായീകരണമില്ല. കന്യാസ്ത്രീയുടെ പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മറുപടി പറയേണ്ടിവരുമെന്നും സൂസപാക്യം പറഞ്ഞു. സഭയുടെ ആചാരങ്ങളെ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട് മാറ്റാനാകില്ല. വിവാദങ്ങളുടെ മറവില്‍ സഭയെ അവഹേളിക്കാനും താറടിക്കാനും ശ്രമിക്കുന്നുവെന്ന് സൂസപാക്യം ആരോപിച്ചു.

അതേസമയം നിരവധിപ്പേരാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ഗുരുത ആരോപണവുമായി രംഗത്തെത്തിയത്. കന്യാസ്ത്രീ പറഞ്ഞതില്‍ സത്യമുണ്ടെന്നാണ് ജലന്ധര്‍ രൂപതയിലെ സീനിയര്‍ വൈദികനായ ഫാ. മാത്യു പാലച്ചുവട്ടില്‍ പറഞ്ഞത്. ബിഷപ്പ് വൈദികരെ മാനസികമായി പീഡിപ്പിച്ചിരുന്നു. ചെയ്യാത്ത തെറ്റുകള്‍ക്ക് മാതൃരൂപതയിലേക്ക് കത്തയക്കുമായിരുന്നു. കള്ള സാക്ഷ്യം പറയാന്‍ പ്രേരിപ്പിച്ചെങ്കില്‍ അത് പ്രമാണങ്ങളുടെ ലംഘനമെന്നും ഫാ. പാലച്ചുവട്ടില്‍ പറഞ്ഞു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജലന്ധര്‍ കത്തോലിക്ക ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്നും താന്‍  ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദേശിച്ചെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

അതേസമയം, കേസിന്റെ സൂക്ഷ്മ വിവരങ്ങള്‍ പഞ്ചാബ് പൊലീസിന് നല്‍കാനാകില്ലെന്ന് കോട്ടയം എസ്പി. ബിഷപ്പിനെതിരായ കേസിന്റെ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് ജന്ധര്‍ കമ്മീഷണര്‍ പറഞ്ഞിരുന്നുവെന്നും എസ് പി പറഞ്ഞു.

ഇതിനിടെ, ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെ രൂക്ഷ ആരോപണവുമായി കന്യാസ്ത്രീ രംഗത്തെത്തി. ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മിഷനറീസ് ഓഫ് ജീസസിന് കന്യാസ്ത്രീ കത്ത് നല്‍കി. ജൂണ്‍ 23നാണ് കത്ത് നല്‍കിയത്. ബിഷപ്പിനെതിരെ പ്രതികരിച്ച 5 കന്യാസ്ത്രീകള്‍ക്ക് മഠം നീതി ഉറപ്പാക്കിയില്ല. മദര്‍ ജനറല്‍ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപിക്കുന്നു.

മറ്റൊരാളുമായുണ്ടായിരുന്ന അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടി എടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക ചൂഷണ പരാതി നല്‍കിയതെന്നായിരുന്നു മദര്‍ ജനറല്‍ റെജീന കടംത്തോട്ടിന്റെ വാദം. എന്നാല്‍ മദര്‍ ജനറാള്‍ കുറവിലങ്ങാട് എത്തിയത് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതി ചര്‍ച്ച ചെയ്യാനാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു.

കന്യാസ്ത്രീക്കെതിരായ അവിഹിതബന്ധ പരാതിയില്‍ തെളിവു ശേഖരണത്തിനും നടപടി എടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാട് എത്തിയതെന്നായിരുന്നു മദര്‍ ജനറലിന്റെ വാദം. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കവേയാണ്  ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിയുമായെത്തിയതെന്നും മദര്‍ ജനറല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്ന കത്തുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ജൂണ്‍ രണ്ടിന് മദര്‍ ജനറല്‍ കുറവിലങ്ങാട് എത്തിയിരുന്നു. തുടര്‍ന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് മദര്‍ ജനറല്‍ ഈ കന്യാസ്ത്രീക്ക് കത്ത് അയച്ചു. ആ കത്തില്‍ പറഞ്ഞിരുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: കുറവിലങ്ങാട് എത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താങ്കളെ കാണാന്‍ സാധിച്ചില്ല. ബിഷപ്പിനെതിരെ പരാതി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് നിങ്ങളുടെ ഭാഗത്തുനിന്ന്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ആ നിര്‍ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനു വേണ്ടി പോകേണ്ടതുണ്ട് എന്നീ കാര്യങ്ങളാണ് ഈ കത്തില്‍ പറയുന്നത്.

തുടര്‍ന്ന് ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ ഈ കത്തിന് മറുപടി നല്‍കുകയും ചെയ്തു. ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നെന്ന കാര്യം മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതായും എന്നാല്‍ അന്ന് നടപടിയുണ്ടായിരുന്നില്ലെന്നും മറുപടിക്കത്തില്‍ പറയുന്നു. ഈ വിഷയങ്ങളില്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ മദര്‍ ജനറല്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ട പോലെ വിഷയപരിഹാരത്തിന് രണ്ട് നിര്‍ദേശങ്ങളും കന്യാസ്ത്രീ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒന്നുകില്‍ ബിഷപ്പിന്റെ കീഴില്‍ നിന്ന് ബിഹാറിലേക്ക് സ്ഥലംമാറ്റണം. അല്ലെങ്കില്‍ കുറവിലങ്ങാട് സ്വസ്ഥമായി കഴിയാനുള്ള അവസരം ഒരുക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഈ രണ്ടുകത്തുകളും പുറത്തുവന്നതോടെ അവിഹിതബന്ധ പരാതിയില്‍ നടപടിയെടുത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയതെന്ന മദര്‍ ജനറാളിന്റെ വാദം പൊളിയുകയാണ്.

Leave a Reply