നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപു പലതവണ കോടതി തള്ളിയതുമാണെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഹർജി ജസ്റ്റിസ് പി. ഗോപിനാഥ് 18 നു പരിഗണിക്കാൻ മാറ്റി.
തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാൻ സർക്കാർ ഹർജി നൽകിയത്. എന്നാൽ വിചാരണക്കോടതി 259 പ്രോസിക്യൂഷൻ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, ഫൊറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടർ എന്നിവരെ താൻ സ്വാധീനിക്കുമെന്നു കരുതാൻ ന്യായമില്ലെന്നും ദിലീപ് വ്യക്തമാക്കി.
80 സാക്ഷികളുടെ തെളിവെടുപ്പ് പൂർത്തിയായ ഘട്ടത്തിൽ തനിക്കും വിചാരണക്കോടതി ജഡ്ജിക്കും എതിരെ ആരോപണം ഉന്നയിച്ചും കോടതി മാറ്റം ആവശ്യപ്പെട്ടും നടിയും പ്രോസിക്യൂഷനും കോടതി സമീപിച്ചെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും അനുവദിച്ചില്ല.
സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നു റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയപ്പോഴും പ്രോസിക്യൂഷൻ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവയൊക്കെ തള്ളിയാണ് കോടതി ജാമ്യം നൽകിയത്. താൻ സ്വാധീനിച്ചുവെന്നു പറയുന്ന വിപിൻലാൽ, ജിൻസൺ എന്നീ സാക്ഷികൾ വിവിധ കേസുകളിൽ പ്രതികളാണെന്നും ഏറെക്കാലമായി ജയിലിലാണെന്നും ദിലീപ് ആരോപിച്ചു.