കോമ്പസിന്‍റെ ഏറ്റവും പുതിയ പതിപ്പായ ട്രെയ്ൽഹോക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജീപ്പ്. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു അമേരിക്കൻ നിർമ്മാതാവായ ജീപ്പ് ട്രെയ്ൽഹോക്കിന്‍റെ ആദ്യാവതരണം നടത്തിയത്. ഇന്ത്യയിൽ അവതരണം നടത്തി വളരെ ചുരുങ്ങിയ കാലംകൊണ്ട് മികച്ച വില്പന നേടിയെടുക്കാൻ കോമ്പസിന് സാധിച്ചു. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു പതിപ്പുമായി ജീപ്പ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഓഫ്റോഡ് സവിശേഷതകളുമായാണ് ട്രെയ്ൽഹോക്കിന്‍റെ വരവ്. ഡ്യുവൺ ടോൺ നിറത്തിലാണ് ട്രെയ്ൽഹോക്ക് എത്തുക. റൂഫ് പൂർണമായും ബ്ലാക്ക് നിറത്തിലായിരിക്കും. കോമ്പസിന്‍റെ ഉയർന്ന വകഭേദമായിരിക്കും ട്രെയ്ൽഹോക്ക്. മുൻഭാഗത്ത് ബ്ലാക്ക് ഗ്രില്ലാണ് മറ്റൊരു പുതുമ. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലുമായി പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. പുതിയ സസ്പെൻഷൻ സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ട്രെയ്ൽഹോക്കിന്‍റെ ഡീസൽ വകഭേദം മാത്രമായിരിക്കും ലഭ്യമാവുക. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ട്രെയ്ൽഹാക്കിന്‍റെ കരുത്ത്. 172ബിഎച്ച്പിയും 350എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഇടംതേടുക.