തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.
യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്‌ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച വൈകിട്ട് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്.