കൊച്ചി: ജെസ്‌ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ല എന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.2018 മാര്‍ച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.ഇതേ തുടര്‍ന്നാണ് ജസ്നയുടെ സഹോദരനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.