തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചു, ഒടുവിൽ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി ആ വാർത്തയെത്തി, അറ്റ്‍ലാൻറിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ തകർന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായും ഓഷ്യൻ ഗേറ്റ് അറിയിച്ചു. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്ത യാത്രക്കാർ മരിച്ചെന്ന അഭ്യൂഹം പടർന്നിരുന്നു. യുഎസ് കോസ്റ്റ് ഗാർഡ് ആണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിൻ്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യാത്ര പുറപ്പെട്ട അന്തർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളർ (ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപ) ആണ് നിരക്ക്.