വാഷിങ്‌ടൺ: ലൈംഗികാരോപണ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറി. ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നായിരുന്നു ആരോപണം.എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.
അതേസമയം നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകൻ പറഞ്ഞു. തനിക്കെതിരെ കുറ്റം ചുമത്തിയാൽ ശക്തമായി പ്രതിഷേധിക്കണമെന്ന് ട്രംപി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
സ്റ്റോമി ഡാനിയൽസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, താരത്തിന് പണം നൽകിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നല്ല തന്റെ കൈയിൽ നിന്നാണ് പണം നൽകിയതെന്നാണ് ട്രംപ് പറഞ്ഞത്.