ഡി.ജി.പിയുടെ അറിവില്ലാതെ പോലീസ് വോട്ടുകളില്‍ കൃത്യമം നടക്കില്ലെന്ന് മുല്ലപ്പള്ളി

0
33

തിരുവനന്തപുരം: സിപിഎം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 10 ലക്ഷം പേരുടെ വോട്ട് വെട്ടിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിനു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം അതിശയോക്തി നിറഞ്ഞതാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം അസ്ഥാനത്താണ്.

ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കള്ളവോട്ട് നടന്നു. ഈ കള്ളവോട്ടുകള്‍ എല്ലാം കണ്ടെത്തണം. മുഖ്യമന്ത്രിയുടെ ബൂത്തിലേത് അടക്കം ക്രമക്കേട് അന്വേഷിക്കണം. ബൂത്തുകളിലെ ബിഎല്‍ഒമാരാണ് ക്രമക്കേടിന്റെ പിന്നില്‍. ഇവരെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പോലീസ് തപാല്‍ വോട്ട് ക്രമക്കേടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ഉള്‍പ്പെട്ടതിനാല്‍ ജുഡീഷല്‍ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികള്‍ നിയമത്തിനുമുന്നില്‍ വരില്ല.

അട്ടിമറിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പങ്കില്ലെന്ന് പറയാന്‍ സാധ്യമല്ലെന്നും അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ പോലീസ് വോട്ടുകളില്‍ കൃത്രിമം നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി. ജോസഫ് കണ്‍വീനറായി കെപിസിസി സമിതിയെ നിയോഗിക്കുമെന്നും സമിതി സമഗ്ര അന്വേഷണം നടത്തി തയാറാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply