ഡൽഹി മർക്കസ് സംഭവം നിർഭാഗ്യകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. യോഗം നടത്തുവാൻ അനുമതി വാങ്ങിയിരുന്നുവെന്നും അതെ സമയം പാർലമെന്റും ചേർന്നിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി. സമ്മേളനത്തിൽ പങ്കെടുത്തുവർ സ്വമേധയാ മുൻപോട്ട് വന്ന് അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണം. ഇതിന്റെ ഗൗരവ്വം കാണിച്ച് സംസ്ഥാന – ജില്ലാ – യൂണിറ്റ് കമ്മറ്റികൾക്ക് അടിയന്തിര സന്ദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂടുന്ന മതപരമായ ഒരു പരിപാടിയും എവിടെയും നടത്തരുത്. ഈ കാര്യത്തിനോടുള്ള സർക്കാരുകളുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി എല്ലാവരും പാലിക്കണം . എവിടെയെങ്കിലും അനധികൃതമായി ആളുകൾ കൂടുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട സർക്കാരുകളെ വിവരം അറിയിച്ച് വേണ്ട നടപടികൾ എടുക്കുന്നതിൽ പാർട്ടി പ്രവർത്തകർ ജാഗ്രതപാലിക്കണം.
ഡൽഹി മർക്കസിൽ ഉണ്ടായ സംഭവം നിർഭാഗ്യകരമാണ്. ബന്ധപ്പെട്ടവരിൽ നിന്നും അനുമതി വാങ്ങിയാണ് മാർച്ച് 13 -ാം തിയ്യതി അവർ യോഗം ചേർന്നിട്ടുള്ളത്. ഈ സമയത്ത് നിരോധനം നിലവിലില്ല. ഡൽഹിയിലാകട്ടെ പാർലമെന്റ് സമ്മേളനം ഉൾപ്പടെ നടന്നുവരികയായിരുന്നു. സർക്കാരിന്റെ ഈ സമീപനം രാഹുൽ ഗാന്ധി അടക്കമുള്ളവർ പാർലമെന്റിൽ ചോദ്യം ചെയ്തതുമാണ്. പക്ഷേ സർക്കാർ ഗൗരവപരമായ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല. അതുകഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ജനതാ കർഫ്യൂവും ലോക്സഡൗണും പ്രധാന മന്ത്രി പ്രഖ്യാപിച്ചത്. മുന്നൊരുക്കമില്ലാതെയുള്ള നടപടിയുടെ ഭാഗമായാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനമടക്കമുള്ളത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലമാണ് മർക്കസിൽ വന്നവർ കുടുങ്ങിക്കിടന്നതെന്നാണവർ പറയുന്നത്. എല്ലാ വർഷവും നടക്കുന്ന അന്തർ ദേശീയ സമ്മേളനമെന്ന നിലയിലാണ് അവർ സമ്മേളിച്ചിട്ടുള്ളത്. പക്ഷെ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള രോഗ വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ നാം പിന്തുണക്കണം. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിന് അവർ സ്വയം മുന്നോട്ട് വന്ന് അധികൃതരുമായി സഹകരിക്കണം.