തക്കാളിത്തോട്ടം ഇനി പറമ്പിലും മുറ്റത്തും

0
32

കേരളത്തിലെ കര്‍ഷകര്‍ കൃഷിചെയ്യാന്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു വിളയാണ് തക്കാളി. എന്നാല്‍ അല്പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളിത്തോട്ടം ഒരുക്കാം. ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യുവാന്‍ നല്ലത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്. സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയിലാണ് തക്കാളിയില്‍നിന്നും കൂടുതല്‍ വിളവു ലഭിക്കുന്നത്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് സപ്തംബറാണ് തക്കാളികൃഷിക്ക് അനുയോജ്യമായ നടീല്‍ സമയം. തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗമായ വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ‘ശക്തി’ എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്.

ഒരുസെന്റ് സ്ഥലത്ത് കൃഷിക്കായി രണ്ട് ഗ്രാം വിത്തുമതി. ഇതില്‍ നിന്ന് ഏകദേശം 11 ചെടികള്‍ ലഭിക്കും. വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിതറുന്നത് നല്ലതാണ്. 30 ദിവസം പ്രായമായ തക്കാളിത്തൈകള്‍ പറിച്ചുനടാം.തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം.കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം.

നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം.ചാണകം അടിവളമായി നല്‍കാം. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. ചെടികളും വരികളും തമ്മില്‍ 60 സെ.മീ. അകലം വേണം. തൈകള്‍ നട്ട് ഒരു മാസം കഴിഞ്ഞ് കപ്പലണ്ടി പിണ്ണാക്ക്, ചാരം എന്നിവ നല്‍കാം. അടുത്ത വളം പൂവിട്ടശേഷം കൊടുക്കാം. ചെടികള്‍ക്ക് ആവശ്യാനുസരണം നനച്ചുകൊടുക്കേണ്ടതാണ്. വെയിലാറിയ ശേഷം ചെടി നനയ്ക്കുന്നതാണ് നല്ലത്.

തക്കാളിക്ക് കരുത്തു കുറവായതിനാല്‍ കമ്പുകള്‍ നാട്ടി ഇവയ്ക്ക് താങ്ങുകൊടുക്കണം.താങ്ങ് നല്‍കുന്നത് നന്നായി കായ്ക്കുവാനും കായകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനും, കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. കായ്കള്‍ നന്നായി പിടിക്കണമെങ്കില്‍ ആവശ്യമില്ലെന്നു തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം. രണ്ടുമാസം കഴിയുമ്പോള്‍ കായ്കള്‍ പാകമാകും.

തക്കാളിച്ചെടികളെ ബാധിക്കുന്ന രോഗങ്ങളാണ് ഇലപ്പുള്ളി രോഗം, അഴുകല്‍, വാട്ടരോഗം, തണ്ട്കായ്തുരപ്പന്‍ പുഴുക്കള്‍ എന്നിവ.ഇലപ്പുള്ളി രോഗത്തിന് സോഡാപൊടി, മഞ്ഞള്‍ മിശ്രിതം, ചാണകപ്പാല്‍ ലായനിയില്‍ ചേര്‍ത്ത് തളിക്കുക. ചെടികള്‍ക്ക് വാട്ടരോഗം ബാധിച്ചാല്‍ ചെടികള്‍ പിഴുതുമാറ്റണം. കായ്തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്ക് പ്രതിവിധിയായി അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി എന്നിവ തളിക്കാം.പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

Leave a Reply