കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലീസിന്റെ വിലയിരുത്തല്‍. പ്രതികള്‍ സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുവെച്ച് പ്രതികള്‍ കാര്‍ ഓടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ചിറയ്ക്കല്‍, ചാത്തന്നൂര്‍ ഭാഗങ്ങളിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഹനം കറങ്ങിയിരിക്കുന്നത്. ആദ്യം കണ്ട ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് മലപ്പുറം സ്വദേശിയുടേതായിരുന്നു. പിന്നീട് ഇതേ കാര്‍ വേറെ നമ്പര്‍ പ്ലേറ്റ് വെച്ചു പോയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പിന്നീട് യാത്രയ്ക്ക് പ്രതികള്‍ ഓട്ടോറിക്ഷയാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. കുട്ടിയുമായി പോയ ഓട്ടോറിക്ഷ കൊല്ലം രജിസ്‌ട്രേഷനിലുള്ളതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോയുടെ മുന്നില്‍ ചുവന്ന പെയിന്റിംഗ് ഉണ്ട്. മുന്നിലെ ഗ്ലാസില്‍ എഴുത്തുമുണ്ട്. ഓട്ടോയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങള്‍ കൂടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആള്‍ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയില്‍ വെള്ള ഷാളിട്ട നിലയിലാണ്.