തട്ടിപ്പ് വിവാദം : അന്വേഷണം സിനിമ മേഖലയിലേക്കും

0
21

കൊച്ചി

നടി ഷംന കാസിമിൽ നിന്നും പണം തട്ടാൻ ശ്രമിച്ച് പോലീസ് പിടിയിലായവരുടെ കൂടുതൽ പശ്ചാത്തലം അന്വേഷിയ്ക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു. ഇതിനായി പ്രത്യേകം അന്വേഷണ കമ്മീഷനെ നിയമിച്ചു. തട്ടിപ്പ് സംഘത്തിൽ ഇനിയും മൂന്ന് പേർ കൂടി ഉണ്ടെന്നും അവർക്കായി ഊർജ്ജിതമായ തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു. ഷംന കാസിമിന്റെ ഫോൺ നമ്പർ പ്രതികൾക്ക് എവിടെ നിന്ന് കിട്ടി എന്നുള്ളതും പോലീസ് തിരയുന്നുണ്ട്.

കൂടുതൽ പേർ കൂടി തട്ടിപ്പിന് ഇരയായി രംഗത്ത് വന്നു. ഇവരുടെ സ്വർണ്ണം കൈവശപ്പെടുത്തുകയും ചൂഷണത്തിന് ഇരയാക്കുകയും ബ്ലാക്‌മെയ്ൽ ചെയ്ത് സ്വർണ്ണ കടത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ് യുവതികളെ വലയിൽ വീഴ്ത്തിയത്.

ചൂഷണത്തിന് ഇടയാക്കപ്പെട്ട കൂടുതൽ കൂടുതൽ യുവതികളെ കണ്ടെത്താൻ ശ്രമിയ്ക്കുന്നുണ്ട്. ചൂഷിതരാക്കപ്പെട്ടവരിൽ യുവ നടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവതികളെ വലയിൽ വീഴ്ത്തുകയും പിന്നീട് സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പണവും ആഭരണവും തട്ടിയെടുത്ത ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണ് തട്ടിപ്പ് രീതി.

അതെ സമയം ഷംന കാസിമിന് പിന്തുണ നല്‍കുമെന്ന് താരസംഘടന അമ്മ അറിയിച്ചു. നിയമ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ അറിയിച്ചു. ഷംന കാസിമില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ദുബായില്‍ ബിസിനസ് അത്യാവശ്യത്തിന് പണം വേണമെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പ് നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു.

Leave a Reply