തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഒടിയന്‍ എന്ന് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. എല്ലാ സിനിമകള്‍ക്കുവേണ്ടിയും ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച വര്‍ക്കായിരിക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയുടെ നൂറാം വിജയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഒടിയെക്കുറിച്ച് പീറ്റര്‍ പറഞ്ഞത്.
സംവിധായകര്‍ക്കും താരങ്ങള്‍ക്കും വേണ്ടി ഹൃദയംകൊണ്ടാണ് താന്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഒടിയന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും എന്നാല്‍ ഇതിന്റെ അവസാനഫലം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡിലെ റസിഡന്റ് ഈവിള്‍ സിനിമയുടെ അവസാനഭാഗത്തിനായി അണിയറപ്രവര്‍ത്തകര്‍ പീറ്റര്‍ ഹെയ്നെ സമീപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ക്വാളിറ്റി ആക്ഷന്‍ ഉണ്ടാകുന്നില്ലെന്നായിരുന്നു അവര്‍ പീറ്റര്‍ ഹെയ്നോട് പറഞ്ഞത്. ഇവരുടെ ആ ആരോപണത്തിനുള്ള മറുപടിയാകും മോഹന്‍ലാലിന്റെ ഒടിയനെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ എന്ന പേര് മലയാളി പേക്ഷകര്‍ക്ക് സുപരിചിതമായത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ സൂപ്പര്‍ സംവിധായകരായ ശങ്കര്‍, രാജമൗലി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്യന്‍, ബാഹുബലി എന്നീ ചിത്രങ്ങളെല്ലാം പട്ടികയിലുള്ളപ്പോഴാണ് ഒടിയന്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് അദ്ദേഹം പറയുന്നത്. ത്രില്ലിങും വ്യത്യസ്തവുമായ ആക്ഷന്‍ സ്വീക്വന്‍സുകളാണ് ഒടിയനിലേത്. പുലിമുരുകനില്‍ കണ്ടതിന്റെ ആക്ഷനെ അതിന്റെ പൂര്‍ണതയില്‍ ഒടിയനില്‍ കാണാനാവും. പീറ്റര്‍ ഹെയ്നിന്റെ വാക്കുകള്‍ പുറത്തുവന്നതോടെ ഒടിയനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
മൂന്ന് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഒടിയനില്‍ എത്തുന്നത്. വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍ ആണ്.മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.