ചെന്നൈ: നടികര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റായ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ടി രാജേന്ദര്‍, സംവിധായകന്‍ ഭാരതിരാജ, ജെകെ റിതേഷ് എന്നവര്‍ രംഗത്ത്. വിശാല്‍ ഈ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു. തമിഴ് സിനിമ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ വ്യാജ പതിപ്പിറക്കല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് വിശാല്‍ അധികാരത്തിലെത്തിയത്.
തമിഴ് റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചാണ് വിശാല്‍ രംഗത്തെത്തിയത്. തീയറ്ററുക കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്തനങ്ങളും നടത്തി. എന്നാല്‍ തമിഴ്‌റോക്കേഴ്‌സുമായി വിശാലിന് ബന്ധമുണ്ടെന്നും, പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്കയുമായി കൈകോര്‍ത്താണ് വിശാല്‍ ഒറ്റുപണി നടത്തുന്നതെന്നും രാജേന്ദര്‍ പറഞ്ഞു. ഒരു സിനിമ പോലും നിര്‍മ്മിച്ചിട്ടില്ലാത്ത നിങ്ങളെങ്ങനെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലെത്തിയെന്ന് നടന്‍ ചിമ്പുവിന്റെ അച്ഛന്‍ കൂടിയായ രാജേന്ദര്‍ ചോദിച്ചു.
വിശാലിന്റെ ആന്ധ്രാബന്ധവും ഇവര്‍ ഉയര്‍ത്തികൊണ്ടു വന്നു. തമിഴ്‌സിനിമയുടെ രണ്ട് പ്രധാന സംഘടനകളില്‍ ഇരിക്കുന്നവര്‍ തമിഴരായിരിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതിനോട് വിശാലോ മറ്റ് താരങ്ങളോ പ്രതികരിച്ചിട്ടില്ല. രണ്ടു സംഘടനകളിലും ഏറെ പിന്തുണയുള്ള താരമാണ് വിശാല്‍. യുവതാരങ്ങളുടെ പിന്തുണ ഏറെയുള്ള വിശാല്‍ ശരത്കുമാറിനെതിരെ മത്സരിച്ചാണ് വിജയിച്ചത്.