തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ വരാപ്പുഴ എസ്ഐ ദീപക്ക് പലതവണ ചവിട്ടി,ലോക്കപ്പിനകത്തും പുറത്തും വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു: വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ സഹോദരന്‍

0
39

കൊച്ചി: പുറത്തിറങ്ങി നടക്കാന്‍ ഭയമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. വരാപ്പുഴ സ്റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണ്. തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്ഐ പലതവണ ചവിട്ടിയെന്നും സജിത് വെളിപ്പെടുത്തി.

ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ സ്റ്റേഷനിലെത്തിച്ചത് ആര്‍ടിഎഫ് എന്നും സജിത്ത് പറഞ്ഞു. വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും സജിത്ത് പറയുന്നു. പ്രതികളെ പൊലീസ് വാഹത്തില്‍ ലെത്തിക്കുക മാത്രമായിരുന്നുവെന്നായിരുന്നു ആര്‍ടിഎഫ് വാദം. അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും സജിത്ത് പറഞ്ഞു

വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്തടക്കമുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. വരാപ്പുഴയില്‍ വീടാക്രമിച്ചുവെന്ന കേസില്‍ പൊലീസ് ശ്രീജിത്തിനൊപ്പം പിടികൂടിയവരാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ സഹോദരന്‍ സജിത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ശനിയാഴ്ച എറണാകുളം അഡീഷണല്‍ സഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാലാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.

Leave a Reply