തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.യു മാര്‍ച്ചിനു നേരെ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെയാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടത്. ആറുതവണ ജലപീരങ്കിയും മൂന്നു തവണ കണ്ണീര്‍ വാതകവും നിരവധി തവണ ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും കണ്ണീര്‍വാതക ഷെല്‍ പ്രയോഗത്തിലും പരുക്കേറ്റത്. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍, ശ്രീലാല്‍, അരുണ്‍ രാജേന്ദ്രന്‍ തുടങ്ങി പത്തോളം പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. അഞ്ചു കെ.എസ്.യു പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് അതിക്രമം നടന്നത്. വനിതാ പ്രവര്‍ത്തകരോടും പൊലീസ് ക്രൂരമായാണ് പെരുമാറിയത്. യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നൂറോളം പ്രവര്‍ത്തകരെ മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായിരുന്നു. മാര്‍ച്ചില്‍ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ രംഗത്തെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തുഗ്ലക്ക് പരിഷ്‌കാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടും പറയാതെ എം.എല്‍.എമാര്‍ പോലും അറിയിക്കാതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു സുപ്രഭാതത്തില്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും അധ്യാപകരെ രണ്ടു തട്ടിലാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. ഇടത് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ മുച്ചൂടും മുടിക്കാനാണ് നോക്കുന്നത്. ഇങ്ങനെയും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് സ്വകാര്യലോബികള്‍ക്ക് തീറെഴുതി നല്‍കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ആര്‍ക്കും അറിയാത്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ വന്നിട്ടുള്ളത്. ഇതിന് ഒരു കാരണവശാലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നു മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരമുഖത്ത് നില്‍ക്കുന്ന ഏക സംഘടന ഇപ്പോള്‍ കെ.എസ്.യു മാത്രമാണെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐക്കാര്‍ തിയറ്ററില്‍ കയറി സിനിമാക്കാര്‍ക്ക് ജയ് വിളിക്കുന്ന വെറും ഫാന്‍സുകാരായി മാറിയെന്നു ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ ഇടപെടാതെ നിവിന്‍പോളിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും മറ്റുള്ളവരുടെയും സിനിമകള്‍ക്ക് തിയറ്ററില്‍ പോയി ജയ് വിളിക്കുന്നവരായാണ് ഇപ്പോള്‍ എസ്എഫ്ഐക്കാരുടെ നടപ്പ്. വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഒന്നും ഉയര്‍ത്തി കൊണ്ടു വരാന്‍ അവര്‍ തയ്യാറല്ലെന്നും ഷാഫി പറഞ്ഞു. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോള്‍ സി.പി.എം പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് സ്തുതി പാടുന്ന പണിയാണ് ചെയ്യുന്നതെന്ന് റോജി എം ജോണ്‍ ആരോപിച്ചു. അപൂര്‍ണമായി ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മാര്‍ച്ചിന് അധ്യക്ഷത വഹിച്ച കെ.എം അഭിജിത്ത് പറഞ്ഞു. കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിയമപോരാട്ടം നടത്തിയതിനെ തുടര്‍ന്ന് കോടതി സ്റ്റേ ചെയ്ത റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ പരിശോധിക്കാതെ സ്റ്റേ ഒഴിവാക്കി വീണ്ടും നടപ്പിലാക്കാനാണ് നീക്കം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി ആരുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും കെ.എം അഭിജിത്ത് ആരോപിച്ചു.