താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയെ മർദിച്ച ഡാൻസാഫ് സ്ക്വഡ് ഉദ്യോഗസ്ഥർ ഒളിവിൽ തുടരുന്നു. ഇവരെ പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്.ഐ കൃഷ്ണലാൽ ഉൾപ്പടെയുള്ള മറ്റു നാലു പൊലീസ് ഉദ്യോഗസ്ഥരെ കൂടി വരും ദിവസങ്ങളിൽ പ്രതി ചേർത്തേക്കും. .പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
302 കൊലപാതക കുറ്റം, 342 അന്യായമായി തടങ്കലില്‍ വെക്കുക, 346 രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍, 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330 ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍, 324 ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.