താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

0
28

കോഴിക്കോട്: താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി. കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കരിഞ്ചോല മലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

കനത്ത മഴയും വെളിച്ചക്കുറവും കാരണമാണ് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചത്. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.

അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകള്‍, മരുമകള്‍, മൂന്ന് പേരക്കുട്ടികള്‍ എന്നിവരെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ തുറന്നു. 248 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഉള്ളത്. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ 1077 എന്ന നമ്പറില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകിട്ട് വരെ ജാഗ്രത പാലിക്കണം. വയനാട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ കുറ്റ്യാടി വഴി സര്‍വ്വീസ് നടത്തും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Leave a Reply