തിപ്പല്ലിയില്‍ തെക്കന്‍ കുരുമുളക് ബഡ്ഡ് ചെയ്ത് വിജയം കണ്ട് സെബാസ്റ്റ്യന്‍

0
98

ദ്രുതവാട്ടം മൂലം കുരുമുളക് കൃഷിയ്ക്ക് വ്യാപകമായ നാശമുണ്ടായപ്പോള്‍ കുരുമുളക് കൃഷി ഉപേക്ഷിക്കാന്‍ സെബാസ്റ്റ്യന്‍ ജോണ്‍ എന്ന യുവ കര്‍ഷകന്‍ തയാറായില്ല. ദ്രുതവാട്ടത്തെ ചെറുക്കാന്‍ എന്തുമാര്‍ഗമുണ്ടെന്ന അന്വേഷണമായിരുന്നു തിരുവനന്തപുരം അമ്പൂരി മൂന്നാനില്‍ സെബാസ്റ്റ്യന്‍ നടത്തിയത്. അതിനൊടുവില്‍ ചെന്നെത്തിയതാണ് തിപ്പെല്ലിയില്‍ തെക്കന്‍ കുരുമുളക് ബഡ്ഡ് ചെയ്ത് കൃഷിയിറക്കുക എന്നത്. മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത് കുരുമുളക് കൃഷിയായിരുന്നു. പന്നിയൂര്‍ വണ്ണും കരിമുണ്ടയുമെല്ലാം മികച്ച വിളവ് നല്കിക്കൊണ്ടിരുന്ന സമയത്താണ് ദ്രുതവാട്ടം രൂക്ഷമായി കുരുമുളക് ചെടികളെ ബാധിക്കുകയും കൃഷി പൂര്‍ണമായും നശിച്ചുപോവുകയും ചെയ്തത്. വീണ്ടും കൃഷി ഇറക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഏറെ പ്രതിരോധ ശേഷിയുള്ള ഇടുക്കി ജില്ലയില്‍ കണ്ടെത്തിയ തെക്കന്‍ ഇനം കുരുമുളകിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ടറിഞ്ഞത്. ഇടുക്കി കാഞ്ചിയാറില്‍ പോയി ഈ ഇനം കുരുമുളക് ചെടി മൂന്നു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ വാങ്ങി. തെക്കന്‍ കുരുമുളകിന്റെ ഏറ്റവും വലിയ പ്രത്യേക സാധാരണ കുരുമുളകിനേക്കാള്‍ ഇരട്ടിയിലധികം എരിവും രോഗപ്രതിരോധ ശേഷിയും ഈ ഇനത്തിനുണ്ടെന്നതാണ്. കൂടാതെ ഒരു കുരുമുളക് തിരിയില്‍ നിന്ന് 50 മുതല്‍ 100 വരെ ശാഖകളും ഉണ്ടാവും. സാധാരണ ഒരു തിരിയില്‍ 100 മണികള്‍ വരെ ഉണ്ടായിരുന്നിടത്ത് ഇത് 500 മുതല്‍ 1000 വരെ മണികളാണ് ലഭിക്കുന്നത്. ഇടുക്കിയിലെ കര്‍ഷകനില്‍ നിന്നും വാങ്ങിയ തെക്കന്‍ കുരുമുളകിന് കൂടുതല്‍ പ്രതിരോധ ശേഷി ലഭിക്കുന്നതിനായി തിപ്പെല്ലിയില്‍ ബഡ്ഡ് ചെയ്തുള്ള പരീക്ഷണം സെബാസ്റ്റ്യന്‍ നടത്തി. ആദ്യഘട്ടമായി തന്റെ കൃഷിയിടത്തില്‍ ഇത്തരത്തില്‍ 100 കുരുമുളക് ചെടികളാണ് തിപ്പല്ലിയില്‍ ബഡ്ഡ് ചെയ്തത്. ആറു മാസം പ്രായമായ തിപ്പെല്ലിയില്‍ ആണ് തെക്കന്‍ കുരുമുളക് ചെടി ബഡ്ഡ് ചെയ്തെടുത്തത്. ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ തിപ്പെല്ലിയെ യാതൊരു തരത്തിലും ബാധിക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് തിപ്പെല്ലിയില്‍ തന്നെ ബഡ്ഡ് ചെയ്തതെന്നു സെബാസ്റ്റ്യന്‍ പറഞ്ഞു. ഒന്‍പതു മാസത്തിനുള്ളില്‍ ഈ കുരുമുളക് ചെടികള്‍ കായ്ക്കാന്‍ തുടങ്ങിയതായും ഈ യുവ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. കരിമുണ്ടയോട് സാദൃശ്യമുള്ള തെക്കന്‍ കുരുമുളക് സെബാസ്റ്റിയന്റെ കൃഷിയിടത്തില്‍ തിപ്പെല്ലിയില്‍ ബഡ്ഡ് ചെയ്ത കുരുമുളക് ചെടികളില്‍ കായ്ച്ചു നില്ക്കുന്നു. സ്വന്തം കൃഷി സ്ഥലത്ത് ഈ രീതിയില്‍ ബഡ്ഡ് കുരുമുളക് കൃഷി ചെയ്യുന്നതോടൊപ്പം സെബാസ്റ്റ്യന്‍ വിവിധ ഇനത്തിലുള്ള കുരുമുളകിന്റെയും പഴവര്‍ഗങ്ങളുടേയും ശേഖരമൊരുക്കി നഴ്സറിയും തയാറാക്കിയിട്ടുണ്ട്. റംബുട്ടാന്‍, ജാതി, ഉള്‍പ്പെടെയുള്ളവയും ഈ കര്‍ഷകന്‍ ബഡ്ഡ് ചെയ്തു നഴ്സറിയില്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ വിളവ് ലഭിക്കുന്നതിനാലും കൂടുതല്‍ രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനാലുമാണ് ബഡ്ഡ് തൈകളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഈ യുവ കര്‍ഷകന്റെ അഭിപ്രായം. . സെബാസ്റ്റ്യന്‍ ജോണ്‍ ഫോണ്‍ 8592804791, 9400532029

Leave a Reply