തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പളളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസുകാരനെ നാളെ പുലർച്ചെയ്ക്ക് മുൻപ് പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുളള എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജിതേഷ് ടി.എം. മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാത്രിയോടെയോ പരമാവധി നാളെ പുലർച്ചയ്ക്കുള്ളിലോ കുട്ടിയെ പുറത്തെടുക്കാനാകും. കുട്ടിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമേ ദൃശ്യമായിട്ടുള്ളൂ. പുലർച്ചെ നടന്ന തെർമ്മൽ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചു. കുട്ടി ഇനി താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്,”
“കുഴൽ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം. ഇതിനുള്ള ഉദ്യോഗസ്ഥരെ തീരുമാനിച്ചു. 25 അടി മാത്രമേ ഇപ്പോൾ തുരന്നിട്ടുള്ളൂവെങ്കിലും പുതിയ യന്ത്രം കൊണ്ടുവന്നത് പ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്,” എന്നും ജിതേഷ് വ്യക്തമാക്കി.
കുഴൽക്കിണറിന് ഒരു മീറ്റർ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.