കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ റിപ്പോർട്ടറിന്. കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.