തിരുവനന്തപുരം:കേരളത്തിൽ തുലാവർഷം തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ്. നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴപെയ്യാം. വ്യാഴാഴ്ച പത്തു ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.
തുലാവർഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയുമുണ്ടാവും. ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഈ തീരങ്ങളിൽ വ്യാഴാഴ്ച മീൻപിടിത്തം വിലക്കി.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റം ബുധനാഴ്ച സ്ഥിരീകരിച്ചു. അതോടൊപ്പം, വടക്കുകിഴക്കൻ കാലവർഷത്തിന്റെ വരവും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണു കേരളത്തിൽ തുലാമഴക്കാലം. ഒക്ടോബർ 15-നാണ് സാധാരണയായി തുലാവർഷമെത്തുന്നത്.
ശ്രീലങ്കയുടെ വടക്കൻതീരം മുതൽ കേരളത്തിന്റെ വടക്കൻതീരംവരെ നീളുന്ന ന്യൂനമർദപാത്തി നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ ലങ്കൻതീരംമുതൽ ആന്ധ്രാതീരംവരെ കിഴക്കൻ കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഈ സാഹചര്യങ്ങൾ കേരളത്തിൽ ശക്തമായ മഴയ്ക്ക് അനുകൂലമാണ്.