തൃശൂരിലെ തോല്‍വി: കെപിസിസി അന്വേഷണ റിപ്പോര്‍ട്ടില്‍ 4 നേതാക്കള്‍ക്കെതിരെ പരാമര്‍ശം; നേതൃത്വത്തിന് മനപൂര്‍വമായ വീഴ്ചയെന്നും പൂഴ്ത്തിവച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍

0
2

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മനപ്പൂര്‍വമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കെപിസിസി പൂഴ്ത്തിയ അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് ലഭിച്ചത്. നാല് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഇവരെ വരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍ദേശിക്കുന്നുമുണ്ട്.പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായേക്കാവുന്ന കണ്ടെത്തലുകളാണ് അന്വേഷണസമിതി റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിന് 30 പേജുകളാണുള്ളത്. മുന്‍മന്ത്രി കെ സി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചത്.കരുവന്നൂര്‍ ബാങ്ക് വിഷയത്തിലെ പാര്‍ട്ടി ഇടപെടല്‍ സുരേഷ് ഗോപിക്ക് അവസരം ഒരുക്കിയെന്ന് കമ്മിഷന്‍ കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ ഒന്നര കൊല്ലം മുമ്പേ മത്സരത്തിന് ഇല്ലെന്ന സിറ്റിംഗ് എംപിയുടെ പ്രസ്താവന സുരേഷ് ഗോപിക്ക് ഗുണകരമായി. മുന്‍ എംപിയുടെ പ്രവര്‍ത്തനം മണലൂരിലും ഗുരുവായൂരിലും ഒതുങ്ങി. ബിജെപി വോട്ടുകള്‍ അധികമായി ചേര്‍ത്തത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇത് കണ്ടെത്തി നീക്കം ചെയ്തില്ല. ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമാണ്. ചേലക്കരയില്‍ ജില്ലാ നേതൃത്വത്തിന് പകരം കെപിസിസി ചുമതല ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply