തെന്നിന്ത്യൻ സൂപ്പർതാരം ശ്രിയ ശരൺ വിവാഹിതയായി. തന്‍റെ സുഹൃത്തായ റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊഷീവിനെയാണ് വിവാഹം കഴിച്ചത്. മാർച്ച് 12 ന് അന്തേരിയിലുള്ള ശ്രിയയുടെ വസിതിയിൽ വച്ച് വിവാഹം നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. നടൻ മനോജ് ബാജ്പേയിയും ഭാര്യ ശബാനയും വിവാഹത്തിൽ പങ്കെടുത്തു.
2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്രിയ വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം പോക്കിരി രാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പിലെ നായികയായിരുന്നു ശ്രിയ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍റ് അമ്പാസിഡർ കൂടിയാണ് താരം.