തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ല, തോമാശ്ലീഹ കേരളത്തില്‍ വന്നതിന് ഒരു തെളിവുമില്ല:വെളിപ്പെടുത്തലുമായി ഫാദര്‍ പോള്‍ തേലക്കാട്

0
38

കൊച്ചി: തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. അത്തരം അവകാശ വാദങ്ങള്‍ അസംബന്ധമാണ്. തോമാശ്ലീഹ കേരളത്തില്‍ വന്നുവെന്ന് പരമ്പരാഗതമായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. പക്ഷേ ഇതിന് ചരിത്രപരമായ തെളിവില്ലെന്നും പോള്‍ തേലക്കാട് പറഞ്ഞു.

ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കിയത്.

തോമ ശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരെന്ന് ചിലര്‍ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. തോമാ ശ്ലീഹ വന്നുവെന്ന് പറയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. ആ സമയത്ത് ഇവിടെ ബ്രാഹ്മണരില്ല. ഇവിടെ ബ്രാഹ്മണര്‍ എത്തിയത് ഏഴാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ചരിത്രം വിശദമാക്കുന്നത്. അപ്പോ എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ തോമാശ്ലീഹാ ഏഴാം നൂറ്റാണ്ടിലെ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുക? – പോള്‍ തേലക്കാട് ചോദിച്ചു

മലയാളികളെയാകെ ഒരുതരം നിരര്‍ത്ഥകമായ സവര്‍ണ സ്വത്വബോധം നയിക്കുന്നുണ്ട്. ഊതിപ്പെരുപ്പിച്ച കുടുംബ മഹിമകളും ജാതിചരിത്രങ്ങളും സൃഷ്ടിച്ച് സ്വയം മഹത്വം കല്‍പ്പിക്കുന്നവരുടെ സമൂഹമായി മാറിയിരിക്കുന്നു മലയാളികള്‍. ഇത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി ഗ്രസിച്ചിരിക്കുന്ന കാര്യമല്ല. നമ്മുടെ അഭിസംബോധനകളില്‍ പോലും വ്യാജമായ ദുരഭിമാന അടയാളങ്ങള്‍ പ്രകടമാണ്. അരമന എന്നാല്‍ പാതിമന എന്നാണ്. അതേപോലെ തിരുമേനി എന്നാല്‍ പവിത്രമായ മേനി എന്നാണ്.ഈ പ്രയോഗങ്ങളെല്ലാം തന്നെ സവര്‍ണ ജാതിബോധത്തില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply