Saturday, November 23, 2024
HomeLatest Newsത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി; മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റകക്ഷി

ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി; മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റകക്ഷി

ന്യൂഡല്‍ഹി: ലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. നിലവില്‍ 34 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.

തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത്ത ലീഡ് ഉയര്‍ത്തുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ബിജെപിയെ മറികടന്ന് മുന്നേറിയത് ഇടതുകേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തരത്തിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയത്. എന്നാല്‍ ഇതിന് അല്‍പ്പായുസ് മാത്രമാണ് ഉണ്ടായത്. 

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് പ്രവചിച്ച മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26 ഇടത്താണ് എന്‍പിപി മുന്നിട്ട് നില്‍ക്കുന്നത്. എന്‍പിപിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപി അഞ്ചിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അഞ്ച്, ത്രിണമൂല്‍ കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ലീഡ് നില. 

നാഗാലാന്‍ഡിലും ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 ഇടത്താണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ ബിജെപി മാത്രം 14 ഇടത്താണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ് മൂന്നിടത്ത് മാത്രമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് എവിടെയും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments