ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ : ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗീതാനന്ദന്‍

0
27

കോട്ടയം : ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസ്സുടമകളുടെ പ്രസ്താവന അപലപനീയമാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ബസുടമകള്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ഗുണകരമല്ല. സവര്‍ണ വിഭാഗത്തിന്റെ പൗരാവകാശത്തെക്കുറിച്ചുമാത്രം നീതിന്യായ വ്യവസ്ഥ ആശങ്ക പ്രകടിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കൈകടത്തലാണ്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ആദ്യം മൗനം പാലിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ഹര്‍ത്താലിന് മുപ്പതോളം ദളിത് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് 25 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഗീതാനന്ദന്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് സോഷ്യലിസ്റ്റ് എസ് സി -എസ് ടി സെന്ററും, സിപിഐ(എംഎല്‍) റെഡ്സ്റ്റാറും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply