കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു. കൊച്ചിയില്‍ അമ്മ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ ഫിലിം ചേംബര്‍ ആസ്ഥാനത്താണ് പ്രതിഷേധ പ്രകടനം നടന്നത്.
അമ്മയുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാല് നടമാര്‍ രാജിവെച്ചിരുന്നു. ഇപ്പോള്‍ സംഘടനയ് ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പത്മപ്രിയയും രേവതിയും പാര്‍വതിയും നേതൃത്വത്തിന് കത്ത് നല്‍കി.വനിതകളുടെ സംഘടനയായ വുമണ്‍ കളക്ടീവിന്റെ പ്രതിനിധികളായാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് സംഘടന കത്ത് നല്‍കിയത്. കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്നലെ രാജിവെച്ച നാലുനടിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഡബ്ല്യൂസിസി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.