ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായെന്ന് മോഹന്‍ലാല്‍; എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാര്‍

0
38
ലണ്ടന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ഈ വിഷയത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. അവള്‍ക്കൊപ്പമാണ് അമ്മ. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അമ്മയ്ക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നാണ് മോഹന്‍ലാല്‍ വിശദീകരണം അറിയിച്ചത്.

Image may contain: text

Image may contain: text

അതേസമയം,  ദിലീപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി മാത്രമെന്ന് തെളിഞ്ഞുവെന്നും തങ്ങള്‍ നടിക്കൊപ്പമാണെന്നും പറഞ്ഞ്  നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും സമൂഹത്തിന് മാതൃകയായ ധീരവനിതയെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ സംഘടനയില്‍ തുടരുന്നത് സ്ത്രീവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അലന്‍സിയര്‍, വിനായകന്‍, ആഷിഖ് അബു, അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

ഇതിനിടെ, ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച്‌, ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കും എന്നാണ് ‘അമ്മ’യുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ബൈലോയില്‍ പറയുന്നത്. 2018-21കാലഘട്ടത്തിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇത് രണ്ടുമല്ല സംഭവിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയ്ക്ക് പുറത്ത് യാത്രയിലായിരിക്കും എന്ന കാരണം കാണിച്ചു പാര്‍വതിയെ നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. അപേക്ഷ നല്‍കിയ മറ്റു രണ്ട് അംഗങ്ങള്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് ‘അമ്മ’ അംഗങ്ങള്‍ക്ക് ഇ – മെയില്‍ അയച്ചു, എന്നാല്‍, ഈ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും പാര്‍വതി പറഞ്ഞു.

ഒരു കൂട്ടം നോമിനികളെ ‘ആരോ’ മുന്‍കൂട്ടി തിരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്തടിസ്ഥാനത്തിലാണ് ആ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ഇപ്പോഴും അറിയില്ലെന്നും ഇരുവരും പറഞ്ഞു.

ഇതിനിടെ, രാജിവച്ച നാലു നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും  പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ജനങ്ങളുടെ  പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനാണു സംഘടന. രാഷ്ട്രീയക്കാർ അമ്മയ്ക്കെതിരെ വിമർശനം നടത്തുന്നതു കയ്യടി നേടാനാണ്. ഇപ്പോൾ അമ്മയ്ക്കെതിരെ വരുന്ന വാർത്തകൾ രണ്ടുദിവസം കൊണ്ട് അടങ്ങും. ഇത്തരം ആരോപണങ്ങൾക്കൊന്നും നമ്മളാരും മറുപടി നൽകേണ്ട കാര്യമില്ലെന്നും ‌ഗണേഷ് ശബ്ദ സന്ദേശത്തിൽ പറയുന്നു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാർവതി, പത്മപ്രിയ, രേവതി എന്നിവർ അമ്മ ഭാരവാഹികൾക്കു കത്തു നൽകിയിരുന്നു.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.

Leave a Reply