ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ആണിതെന്നാണ് സൂചന. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേനെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇത് ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചനകള്‍.
നടിയെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയെ ഫെബ്രുവരി 23ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആദ്യകുറ്റപത്രം ഏപ്രില്‍ 18ന് കോടതിയില്‍ സമര്‍പ്പിച്ചു. സുനില്‍കുമാറായിരുന്നു ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി രണ്ടാംപ്രതിയും ആലപ്പുഴ സ്വദേശി വടിവാള്‍ സലിം മൂന്നാം പ്രതിയും. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു കുറ്റപത്രത്തില്‍ ആവശ്യപ്പെട്ട അന്വേഷണ സംഘം ജൂലൈ പത്തിനു നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തു. ഗൂഢാലോചന സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാണ്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ടാംപ്രതിയും. ഇതില്‍ വടിവാള്‍ സലിം ആണ് പൊലീസിന് അനുകൂലമായ നിലപാട് എടുക്കുന്നതെന്നാണ് സൂചന.