ദിലീപ് ഇപ്പോഴും പുറത്തുതന്നെ; വിഷയം ‘അമ്മ’യില്‍ ഭിന്നതയുണ്ടാക്കിയെന്ന് മോഹന്‍ലാല്‍

0
34

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വിഷയത്തില്‍ താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.

‘അമ്മ’ ജനറല്‍ ബോഡിയില്‍ എല്ലാവരുടേയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. യോഗത്തില്‍ വനിതാ അംഗങ്ങളും മൗനം പാലിച്ചു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിട്ടില്ല. ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നുവെന്നും മോഹന്‍ലാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

‘അമ്മ’ തുടക്കം മുതലേ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ്. തെറ്റുകാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ ദിലീപിനെ തിരികെയെടുക്കും .ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

25 വര്‍ഷമായുള്ള ബൈലോ മാറ്റണം. പുതിയ തസ്കികകള്‍ കൊണ്ടുവരാം. അതില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാം. ഡബ്ലു.സി.സി അംഗങ്ങള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് മത്സരിക്കാം. ആരും തടഞ്ഞിട്ടില്ല. പാര്‍വ്വതിയെ തടഞ്ഞു എന്ന് പറയുമ്പോള്‍ അവര്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കണമായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. മഞ്ഞ് ഉരുകേണ്ടതല്ല, ഉരുക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും മാത്രമാണ് രാജി നല്‍കിയിട്ടുള്ളത്. ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ തങ്ങള്‍ക്ക് കത്ത് അയ്ച്ചിട്ടുണ്ട്. അത് വരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം  വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി.25 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് മാധ്യമങ്ങളെ കാണാതിരുന്നത്. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

Leave a Reply