ദില്ലി: ഒന്നര പതിറ്റാണ്ടോളം ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവര്‍ണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു ഭൗതിക ശരീരം നിസാമുദ്ദീനിലെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് നിസാമുദ്ദീനിലെ നിഗം ബോധ് ഘട്ടില്‍ നടക്കും. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ‘ദില്ലിയുടെ മരുമകള്‍’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ പാര്‍ട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആണ്. ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ദില്ലിയുടെ വികസനത്തിന് നിര്‍ണായക സംഭാവന ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്ന് പ്രാധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട മകളുടെ മരണ വാര്‍ത്ത തന്നെ തകര്‍ത്തെന്നും വ്യക്തിപരമായി താന്‍ വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷീല ദീക്ഷിതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഷീല ദീക്ഷിത് ഡല്‍ഹിക്കും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ മഹത്തരമെന്ന് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു അന്തരിച്ച ഷീല ദീക്ഷിതെന്ന് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷീല ദീക്ഷിത് കരുത്തായി കോണ്‍ഗ്രസിന് പിന്തുടര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, നരസിംഹ റാവു, രാഹുല്‍ ഗാന്ധി – അങ്ങനെ ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പവും ഷീലാ ദീക്ഷിത് ഉണ്ടായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് ദില്ലി കണ്ട ഏറ്റവും പ്രഗല്‍ഭയായ മുഖ്യമന്ത്രിയായിരുന്നുവെന്നും എ കെ ആന്റണി പറഞ്ഞു. ഷീലാ ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.