ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍, ലൗ ജിഹാദ് ദേശീയ തലത്തില്‍ നിര്‍ണായക ചര്‍ച്ചയാക്കിയ നേതാവ്; ആരാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍?

0
20

ന്യൂനപക്ഷ സമുദായക്കാര്‍ക്കിടയില്‍ ബിജെപിയുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ജോര്‍ജ് കുര്യനെ ബിജെപി കേന്ദ്രമന്ത്രിസഭയിലെത്തിച്ചിരിക്കുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിതനായ ആദ്യ മലയാളിയും ബിജെപിയുടെ ആദ്യ ക്രിസ്ത്യന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്നു ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. (who is George kurian union minister from kerala?)

കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തില്‍ ബി ജെ പിയുടെ എക്കാലത്തെയും വലംകൈയായിരുന്നു കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ് കുര്യന്‍. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാം മന്ത്രിയായി ജോര്‍ജ് കുര്യനെ തെരഞ്ഞെടുത്തത് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ സംഘ് പരിവാര്‍ സംഘടനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിച്ച നേതാവെന്ന നിലയിലാണെന്ന് വ്യക്തം.

1980-ല്‍ ജനസംഘത്തില്‍ നിന്ന് പുതുതായി രൂപീകരിച്ച ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേരാന്‍ സോഷ്യലിസ്റ്റുകളുടെ ഒരു വിഭാഗം ജനതാ പാര്‍ട്ടി വിട്ടപ്പോള്‍ അക്കൂട്ടത്തില്‍ കോട്ടയത്തെ ചെറിയ ഗ്രാമമായ കാണക്കാരിയില്‍ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോര്‍ജ് കുര്യനുമുണ്ടായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ ബി ജെ പി മത്സരിപ്പിച്ചത്് ജോര്‍ജ് കുര്യനെയായിരുന്നു. പതിനയ്യായിരത്തോളം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ജോര്‍ജ് കുര്യന് മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ടുവിഹിതം ആറു ശതമാനത്തിലധികം വര്‍ധിപ്പിക്കാനായി. ബി ജെ പിയുടെ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് ജോര്‍ജ് കുര്യന്‍ പുലര്‍ത്തുന്നത്.

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് 2017 മേയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ മലയാളി ഉപാധ്യക്ഷനായി ജോര്‍ജ് കുര്യനെ നിയമിച്ചത്. ബി ജെ പി നേതൃത്വത്തിനിടയിലും ക്രൈസ്തവ നേതൃത്വത്തിനിടയിലുമുള്ള സംവാദങ്ങളില്‍ ഒരു പാലമായി പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍ സംഘടനയിലെ ഏറ്റവും ശക്തനായ ന്യൂനപക്ഷ സമുദായാംഗങ്ങളിലൊരാളാണ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിയുടെ ശക്തനായ വക്താവെന്ന നിലയില്‍ ശ്രദ്ധേയ ജോര്‍ജ് കുര്യന്‍ ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നതിലും നിര്‍ണായകപങ്കാണ് വഹിച്ചത്. നിലവില്‍ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ് ജോര്‍ജ് കുര്യന്‍. അല്‍ഫോണ്‍സ് കണ്ണന്താനത്തിനുശേഷം കേരളത്തില്‍ നിന്നും എന്‍ ഡി എ ഭരണത്തിലിടം തേടുന്ന രണ്ടാമത്തെ ന്യൂനപക്ഷ നേതാവുമാണ് ജോര്‍ജ് കുര്യന്‍. കൊച്ചി നേവല്‍ ബേസില്‍ ലെഫ്റ്റനന്റ് കേണലായിരുന്ന ഒ ടി അന്നമ്മയാണ് ഭാര്യ . ആദര്‍ശ്,ആകാശ് എന്നിവര്‍ മക്കളാണ്.

Leave a Reply