Saturday, October 5, 2024
HomeNewsKeralaധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി

ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ എന്നിവരുള്‍പ്പെടെ ഏഴുപേരെ എതിര്‍കക്ഷികളാക്കി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു. ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി, മാര്‍ച്ച് 14-ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോടു നിര്‍ദേശിച്ചു.സി.എം.ആര്‍.എല്‍. ഉടമ എസ്.എന്‍.ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍., കെ.എം.എം.എല്‍., ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്, എക്സാലോജിക് എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍.തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004-ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ടപ്രകാരം ഈ ഭൂമിക്ക് ഇളവു ലഭ്യമാക്കാനുള്ള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സി.എം.ആര്‍.എലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ടിടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.ഇതിനിടെ, 2018-ലെ പ്രളയത്തിന്റെ മറവില്‍ കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ അഴിമുഖത്തുനിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുള്ള ഇല്‍മനൈറ്റും റൂട്ടൈലും ഖനനംചെയ്തു. സര്‍ക്കാര്‍ അധീനതയിലുള്ള കെ.എം.എം.എലിനായിരുന്നു ഖനനാനുമതിയെങ്കിലും കെ.എം.എം.എലില്‍നിന്ന് ക്യുബിക്കിന് വെറും 464 രൂപ നിരക്കില്‍ സി.എം.ആര്‍.എല്‍. ഇവ സംഭരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലയ്ക്ക് കര്‍ത്തയ്ക്കു നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകനായ ദിലീപ് സത്യന്‍ ഹാജരായി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments