തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച നടത്തിയ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്‌സ്ആപ് വഴി പ്രചരിച്ചത്.
തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി ലഭിച്ചതോടെയാണ് പരാതി ഉയര്‍ന്നത്. ചോദ്യങ്ങള്‍ മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തി എഴുതിയ നിലയിലായിരുന്നു വാട്‌സാപ് വഴി പ്രചരിച്ചിരുന്നത്.
മലബാര്‍ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുണ്ടെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ് മേധാവി ലോക് നാഥ് ബെഹറ അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ചുള്ള തീരുമാനം വെള്ളിയാഴ്ച കൈകൊള്ളുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.സുധീര്‍ ബാബു അറിയിച്ചു.