നിപ വൈറസ് പനി ബാധിച്ചവരെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ വിയോഗം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ലിനി മരിക്കുന്നതിന് തൊട്ടു മുന്‍പ് എഴുതിയ കത്തിലെ വരികളും ഏറെ നൊമ്പരമുളവാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ലിനിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ലിനിയുടെ കുടുംബത്തെ തേടി സഹായ വാഗ്ദാനം ഇപ്പോള്‍ വന്നിരിക്കുന്നത് കടല്‍ കടന്നു അബുദാബിയില്‍ നിന്നുമാണ്. അവിട്ടീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ആയ ശാന്തി പ്രമോദിയും, ജ്യോതി പാലാട്ടും ആണ് ലിനിയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നത്.
‘ഞങ്ങളും ആരോഗ്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ആണ്, ലിനിയുടെ സംഭാവന എത്ര വലുതാണെന്ന് അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കറിയാം, ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’ ശാന്തിയും ജ്യോതിയും പറയുന്നു. ഇരുവരുടെയും സ്ഥാപനത്തിന്റെ പേരിലായിരിക്കും കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുകയെന്നും അറിയിച്ചു. നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്റൈനില്‍ ആണ്, അഞ്ചു വയസുള്ള സിദ്ധാര്‍ഥ്, രണ്ടു വയസ്സുള്ള റിതുല്‍ എന്നിവരാണ് ലിനി സജീഷ് ദമ്പതികളുടെ മക്കള്‍.